ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസറിന്റെ മുഖ്യ എതിരാളിയായ സൗദി പ്രോ ലീഗ് ടീമായ അൽ ഹിലാലിനൊപ്പം ചേരാൻ ബ്രസീൽ, പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് നെയ്മർ സമ്മതിച്ചതായുള്ള റിപോർട്ടുകൾ പുറത്ത് വന്നു.160 ദശലക്ഷം യൂറോയാണ് ട്രാന്‍സ്ഫര്‍ തുക. ഫ്രഞ്ച് ക്ലബ് പിഎസ് ജിയുമായി ട്രാന്‍സ്ഫര്‍ സംബന്ധിച്ച് അല്‍ ഹിലാല്‍ ക്ലബ് ധാരണയിലെത്തി.
അല്‍ ഹിലാലും അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബുകളും മുന്‍ ക്ലബ് ബാഴ്സലോണയുമാണ് നെയ്മറിനെ സ്വന്തമാക്കാനായി രംഗത്തുണ്ടായിരുന്നത്. 2025 വരെ കരാര്‍ ബാക്കിയുള്ളപ്പോഴാണ് നെയ്മര്‍ പിഎസ്ജിയുമായുള്ള ബന്ധം അവസാനിപ്പിച്ച് സൗദി ക്ലബ്ബിലേക്ക് മാറുന്നത്. “അൽ ഹിലാലുമായി രണ്ട് വർഷത്തെ കരാറിൽ നെയ്മർ സമ്മതിച്ചിട്ടുണ്ട്. പിഎസ്ജിയും സൗദി ക്ലബ്ബും ബ്രസീലിയൻ സ്‌ട്രൈക്കറുടെ കൈമാറ്റം സംബന്ധിച്ച നിബന്ധനകൾ ചർച്ച ചെയ്യുകയാണ്,” ഫ്രഞ്ച് ദിനപത്രമായ L’equipe ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.
2017ൽ ബാഴ്‌സലോണയിൽ നിന്ന് 222 മില്യൺ യൂറോയുടെ ലോക റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്കാണ് നെയ്മർ പിഎസ്ജിയിലെത്തിയത്. 112 തവണ പാരീസ് ടീമിനെ പ്രതിനിധീകരിച്ച ബ്രസീലിയൻ താരം 82 ഗോളുകൾ നേടിയിട്ടുണ്ട്.ഈ വർഷമാദ്യം ലയണൽ മെസ്സിയെ നഷ്ടപ്പെട്ട പിഎസ്‌ജി, തന്റെ ടീമിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്ന ഫ്രഞ്ച് സൂപ്പർതാരം കൈലിയൻ എംബാപ്പെയെ പിടിച്ചുനിർത്താൻ പാടുപെടുകയാണ്.
നെയ്മർ അൽ ഹിലാലിലേക്ക് മാറുകയാണെങ്കിൽ, കഴിഞ്ഞ സീസണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ തുടങ്ങി യൂറോപ്പിൽ നിന്നുള്ള കണ്ണഞ്ചിപ്പിക്കുന്ന പ്രതിഭകളെ ആകർഷിച്ച സൗദി ലീഗിലെ ഏറ്റവും വലിയ സൈനിംഗുകളിൽ ഒന്നായിരിക്കും ഇത്.