കുംബ്ലെ-ഹർഭജൻ സഖ്യത്തെ മറികടന്ന് ചരിത്രം ക്കുറിച്ച് ആർ അശ്വിനും രവീന്ദ്ര ജഡേജയും | R Ashwin-Ravindra Jadeja

ഹൈദരാബാദിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ വിക്കറ്റുകൾ നേടിയതോടെ ഇന്ത്യയുടെ സ്പിൻ ജോഡികളായ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും അനിൽ കുംബ്ലെ-ഹർഭജൻ സിംഗ് എന്നിവരെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വിജയകരമായ ടെസ്റ്റ് ബൗളിംഗ് ജോഡിയായി മാറിയിരിക്കുകയാണ്.54 മത്സരങ്ങളിൽ നിന്ന് 501 വിക്കറ്റുകൾ നേടിയ അനിൽ കുംബ്ലെയുടെയും ഹർഭജൻ സിങ്ങിന്റെയും പേരിലുള്ള റെക്കോർഡ് മറികടന്നാണ് ഇരുവരും തങ്ങളുടെ 502-ാം വിക്കറ്റ് നേടിയത്.

ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളിംഗ് ജോഡികളുടെ നിലവിലെ റെക്കോർഡ് ഇംഗ്ലീഷ് പേസ് ബൗളർമാരായ ജെയിംസ് ആൻഡേഴ്സണിന്റെയും സ്റ്റുവർട്ട് ബ്രോഡിന്റെയും പേരിലാണ്. 138 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 1039 വിക്കറ്റുകൾ അവർ നേടിയിട്ടുണ്ട്. നിലവിൽ സജീവമായ ജോഡികളിൽ, 81 ടെസ്റ്റുകളിൽ നിന്ന് 643 വിക്കറ്റ് നേടിയ മിച്ചൽ സ്റ്റാർക്കും നഥാൻ ലിയോണും മുൻനിരയിൽ നിൽക്കുന്നു.

ഇന്ത്യക്ക് വേണ്ടിയുള്ള ഏറ്റവും വിജയകരമായ ബൗളിംഗ് ജോഡി :
ആർ അശ്വിൻ (274), രവീന്ദ്ര ജഡേജ (226) – 50 ടെസ്റ്റുകളിൽ നിന്ന് 503* വിക്കറ്റുകൾ
അനിൽ കുംബ്ലെ (281), ഹർഭജൻ സിങ് (220) – 54 ടെസ്റ്റുകളിൽ നിന്ന് 501 വിക്കറ്റുകൾ
ബിഷൻ ബേദി (184), ബിഎസ് ചന്ദ്രശേഖർ (184) – 42 ടെസ്റ്റുകളിൽ നിന്ന് 368
വിക്കറ്റുകൾ

ഇന്നത്തെ മത്സരത്തിലെ വിക്കറ്റോടെ അശ്വിൻ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ 150 വിക്കറ്റ് തികക്കുകയും ചെയ്തു. ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഏറ്റവും വിജയകരമായ മൂന്നാമത്തെ ബൗളറാണ് അദ്ദേഹം.169 വിക്കറ്റുമായി ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസാണ് ഒന്നാം സ്ഥാനത്ത്. സഹതാരം നഥാൻ ലിയോണും ഇതേ വിക്കറ്റുകൾ നേടിയിട്ടുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാം പതിപ്പ് ആണ് ഇപ്പോൾ നടക്കുന്നത്.ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഒന്നും രണ്ടും യഥാക്രമം വിജയിച്ചു. രണ്ടുതവണയും ഇന്ത്യയാണ് ഫൈനലിലെത്തിയത്.

ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് അഞ്ചു വിക്കറ്റ് നഷ്ടമായിരിക്കുകയാണ്. ഇന്ത്യക്കായി അശ്വിനും ജഡേജയും രണ്ടു വിക്കറ്റ് വീതവും അക്‌സർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇംഗ്ലണ്ട് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് നേടിയിട്ടുണ്ട്.ഇംഗ്ലണ്ട് ബാസ് ബോള്‍ ശൈലിയിലാണ് കളി തുടങ്ങിയത്, ഇന്ത്യൻ പേസര്‍മാര്‍ക്കെതിരെ ഇംഗ്ലണ്ട് ഓപ്പണര്‍മാർ അനായാസം കളിച്ചു.

എന്നാൽ സ്പിന്നര്മാര് വന്നതോടെ ഇംഗ്ലീഷ് ബാറ്റർമാർ പതറുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.അശ്വിൻ രണ്ടും ജഡേജ ഒരു വിക്കറ്റും നേടി.ഓപ്പണിംഗ് വിക്കറ്റില്‍ സാക്ക് ക്രോളി-ബെന്‍ ഡക്കറ്റ് സഖ്യം 55 റണ്‍സടിച്ച് മികച്ച തുടക്കം നല്‍കി. 39 പന്തിൽ നിന്നും 7 ബൗണ്ടറികളോടെ 35 റൺസ് നേടിയ ബെന്‍ ഡക്കറ്റിനെ അശ്വിൻ പുറത്താക്കി.ഒരു റണ്ണെടുത്ത ഒലി പോപ്പിനെ ജഡേജ രോഹിത് ശർമയുടെ കൈകളിലെത്തിച്ചു.20 റണ്‍സെടുത്ത സാക്ക് ക്രോളിയെ അശ്വിന്റെ പന്തിൽ സിറാജ് പിടിച്ചു പുറത്താക്കി. 37 റൺസ് നേടിയ ബേയർസ്റ്റോവിനെ അക്‌സർ ക്‌ളീൻ ബൗൾഡ് ചെയ്തു. 29 റൺസ് നേടിയ റൂട്ടിനെ ജഡേജയും മടക്കി ഇന്ത്യ കളിയിൽ ആധിപത്യം ഉറപ്പിച്ചു.

Rate this post