‘ടീം ഇന്ത്യക്ക് ജയിക്കാനാവില്ല…’ : ന്യൂസിലൻഡിനെതിരായ സെമിഫൈനൽ പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി രവി ശാസ്ത്രി | World Cup 2023

2023 ലോകകപ്പിൽ ഗ്രൂപ്പ് മത്സരങ്ങൾ പൂർത്തിയാക്കിയതോടെ തോൽവി അറിയാത്ത ഏക ടീമായാണ് ഇന്ത്യ സെമി ഫൈനലിൽ സ്ഥാനം ഉറപ്പിച്ചത്.ബുധനാഴ്ച ന്യൂസിലൻഡിനെതിരായ ടീം ഇന്ത്യയുടെ സെമി ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി മുൻ പരിശീലകൻ രവി ശാസ്ത്രി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

ഇത്തവണ ഇന്ത്യക്ക് കിരീടം നേടാൻ സാധിച്ചില്ലെങ്കിൽ ഇനിയും മൂന്ന് ലോകകപ്പുകൾ വരെ കാത്തിരിക്കേണ്ടിവരുമെന്ന് മുൻ മുഖ്യ പരിശീലകൻ രവി ശാസ്ത്രി മുന്നറിയിപ്പ് നൽകി.ഇന്ത്യൻ ടീമിലെ പല കളിക്കാരും ഇപ്പോൾ ഏറ്റവും മികച്ച നിലയിലാണെന്നും ഇത് ലോകകപ്പ് നേടാനുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച അവസരമാണെന്നും ക്ലബ് പ്രേരി ഫയർ പോഡ്‌കാസ്റ്റിനോട് സംസാരിച്ച രവി ശാസ്ത്രി പറഞ്ഞു.

“12 വർഷം മുമ്പാണ് ഇന്ത്യ അവസാനമായി വിജയിച്ചത്. അവർക്ക് അത് വീണ്ടും ചെയ്യാൻ അവസരമുണ്ട്. അവർ കളിക്കുന്ന രീതി, ഇത് ഒരുപക്ഷേ അവരുടെ ഏറ്റവും മികച്ച അവസരമാണ്” രവി ശാസ്ത്രി പറഞ്ഞു. ” ഇത്തവണ ഇന്ത്യക്ക് കിരീടം നഷ്‌ടപ്പെടുകയാണെങ്കിൽ, അത് നേടാൻ ശ്രമിക്കുന്നതിന് പോലും അവർക്ക് മൂന്ന് ലോകകപ്പുകൾ കൂടി കാത്തിരിക്കേണ്ടി വരും.ആറോ ഏഴോ കളിക്കാർ അവരുടെ ഏറ്റവും ഉയർന്ന നിലയിലായതിനാൽ ഇത് അവരുടെ മികച്ച അവസരമാണ്. ഇത് അവരുടെ അവസാന ലോകകപ്പ് ആയിരിക്കും, എല്ലാവരും ഒരു ലക്ഷ്യത്തിനുവേണ്ടിയാണ് പ്രകടനം നടത്തുന്നത്. അവർ കളിക്കുന്ന രീതി അനുസരിച്ച് കിരീടം നേടാനുള്ള എല്ലാ അവസരവുമുണ്ട്” രവി ശാസ്ത്രി കൂട്ടിച്ചേർത്തു

ലോകകപ്പിൽ ഇന്ത്യയുടെ ബൗളിംഗ് ആക്രമണത്തെ പ്രശംസിച്ച രവി ശാസ്ത്രി, നിലവിലെ ബൗളർമാരാണ് ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ചതെന്ന് പറഞ്ഞു.ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരടങ്ങിയ പേസ് ത്രയം മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.മധ്യ ഓവറുകളിൽ രവീന്ദ്ര ജഡേജയുടെയും കുൽദീപ് യാദവിന്റെയും സ്പിൻ കൂട്ടുകെട്ട് ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുക്കുന്നത്.

Rate this post