ദ്രാവിഡിന്റെ വാക്കുകൾ അവഗണിച്ച് ഇഷാൻ കിഷൻ, രഞ്ജി ട്രോഫിയിൽ നിന്നും വിട്ടു നിന്ന് വിക്കറ്റ് കീപ്പർ- ബാറ്റർ | Ishan Kishan

സർവീസസിനെതിരായ ജാർഖണ്ഡിന്റെ രഞ്ജി ട്രോഫി മത്സരത്തിൽ യുവ ഓപ്പണർ ഇഷാൻ കിഷൻ കളിക്കുന്നില്ല.ഇഷാന്‍ കിഷന് പകരം കുമാര്‍ കുശാഗ്രയാണ് വിക്കറ്റ് കീപ്പറായി ജാര്‍ഖണ്ഡിനായി കളിക്കുന്നത്.തന്റെ ഫിറ്റ്നസ് തെളിയിക്കാനും ആഭ്യന്തര പ്രകടനങ്ങളിലൂടെ ഫോം വീണ്ടെടുക്കാനും ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് ആവശ്യപ്പെട്ടിട്ടും തുടർച്ചയായ മൂന്നാം ഫസ്റ്റ് ക്ലാസ് മത്സരത്തിൽ ഇഷാൻ കിഷൻ വിട്ടുനിന്നു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് റെഡ്-ബോൾ പരിശീലനം അദ്ദേഹത്തിന് നഷ്ടമായി. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ ഇഷാൻ കിഷനെ ഒഴിവാക്കിയതിന് ശേഷമാണ് ഈ തുടർച്ചയായ അസാന്നിധ്യം വരുന്നത്.കെ എൽ രാഹുൽ, കെ എസ് ഭരത്, ധ്രുവ് ജുറൽ എന്നിവർ ആണ് ആദ്യ രണ്ടു ടെസ്റ്റിൽ വിക്കറ്റ് കീപ്പറായി ടീമിൽത്തിയത്.ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ വ്യക്തിപരമയാ കാരണങ്ങള്‍ പറഞ്ഞ് കിഷന്‍ ഇന്ത്യയിലേക്ക് മടങ്ങിയതോടെ താരത്തിന്‍റെ ഇന്ത്യൻ ടീമിലെ ഭാവി തന്നെ വലിയ ചോദ്യചിഹ്നമായി.അഫ്ഗാനിസ്ഥാനുമായി കളിച്ച ടി20 പരമ്പരയിൽ പോലും താരത്തിന് ഇടം ലഭിച്ചില്ല.

തുടര്‍ച്ചയായ യാത്രകളും പ്ലേയിംഗ് ഇലവനില്‍ സ്ഥിരമാകാന്‍ കഴിയാത്തതിലെ മാനസിക പ്രശ്നങ്ങളുമാണ് കിഷനെ അലട്ടുന്നതെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ ടീമിൽ നിന്നും എടുത്ത ഇടവേളയിൽ ദുബായിലെ പാർട്ടിയിൽ പങ്കെടുത്തത് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ “അച്ചടക്കമില്ലായ്മ”യാണ് അദ്ദേഹത്തെ ടീമിൽ നിന്നും ഒഴിവാക്കാനുള്ള കാരണമായി പലരും അഭിപ്രായപ്പെട്ടു. എന്നാൽ അഫ്ഗാൻ ടി20 ഐ പരമ്പരയിലെ പത്രസമ്മേളനത്തിനിടെ രാഹുൽ ദ്രാവിഡ് ഈ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞു.

ഇഷാൻ കിഷന്റെ തിരഞ്ഞെടുപ്പിന് പിന്നിലെ കാരണങ്ങൾ വ്യക്തമല്ലെങ്കിലും അദ്ദേഹത്തിന്റെ തുടർച്ചയായ അഭാവം ഊഹാപോഹങ്ങൾക്ക് വഴിവെക്കും എന്നുറപ്പാണ് .ആഭ്യന്തര മത്സരങ്ങളില്‍ കളിക്കാതെ ടീമിലെടുക്കില്ലെന്ന് കോച്ച് നിലപാട് വ്യക്തമാക്കിയിട്ടും കിഷന്‍ എന്ത്‌കൊണ്ടാണ് കളിക്കാത്തത് എന്നത് വ്യക്തമല്ല.കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇഷാൻ കിഷൻ മൈതാനത്ത് വ്യായാമം ചെയ്യുന്നത് കണ്ടു. ഇതോടെ ഇഷാൻ കിഷന് ടീമിൽ തിരിച്ചെത്താനാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു, എന്നാൽ രഞ്ജി ട്രോഫിയിലെ മത്സരത്തിൽ നിന്നും വിട്ടു നിന്നതോടെ പ്രശ്‌നങ്ങൾ വർധിപ്പിച്ചിരിക്കുകയാണ്.

Rate this post