ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ആദ്യ പത്തിൽ തിരിച്ചെത്തി രോഹിത് ശർമ്മ | Rohit Sharma

ഇന്ന് പുറത്തിറക്കിയ ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ 5 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി.ജനുവരിക്ക് ശേഷം ആദ്യ 10 റാങ്കിംഗിൽ നിന്ന് പുറത്തായ രോഹിത് ധർമ്മശാല ടെസ്റ്റിന് മുമ്പ് 11-ാം സ്ഥാനത്തായിരുന്നു. സെഞ്ച്വറി നേടിയ നായകൻ ഇന്ത്യക്ക് ഇന്നിംഗ്‌സിനും 64 റൺസിനും ഇന്ത്യയുടെ വിജയമൊരുക്കി.

രോഹിത് തൻ്റെ 9 ഇന്നിംഗ്‌സുകളിൽ 44.44 ശരാശരിയിൽ പരമ്പരയിൽ 400 റൺസ് നേടുകയും പരമ്പരയിലെ ഏറ്റവും ഉയർന്ന നാലാമത്തെ റൺ ഗട്ടറായി മാറുകയും ചെയ്തു.ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ 712 റൺസ് നേടിയ യശസ്വി ജയ്‌സ്വാളും രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തി. ധർമ്മശാലയിൽ സെഞ്ച്വറി നേടിയ ശുഭ്മാൻ ഗില്ലിന് 11 സ്ഥാനങ്ങൾ കയറി ആദ്യ 20-ൽ ഇടം നേടിയതോടെ കരിയറിലെ ഏറ്റവും ഉയർന്ന സ്ഥാനവും ലഭിച്ചു.

ഇംഗ്ലണ്ട് പരമ്പര മുഴുവൻ നഷ്ടമായ വിരാട് കോഹ്‌ലി ആദ്യ പത്തിൽ തുടരുകയാണ്. ആദ്യ പത്തിൽ മൂന്നു ഇന്ത്യക്കാരാണ് ഇടം പിടിച്ചിട്ടുള്ളത്.നിലവിൽ ജയ്‌സ്വാളിന് തൊട്ടുപിന്നിൽ ഒമ്പതാം സ്ഥാനത്താണ് കോലി.859 റേറ്റിംഗ് പോയിൻ്റുമായി കെയ്ൻ വില്യംസൺ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ഇന്ത്യൻ പരമ്പരയിൽ അത്ര ഫോമിലായിരുന്നില്ലെങ്കിലും ജോ റൂട്ട് രണ്ടാം സ്ഥാനത്താണ്. ബാബർ അസം രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 768 റേറ്റിംഗ് പോയിൻ്റുമായി പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തി.ഐപിഎൽ 2024 സീസൺ കളിക്കാൻ അടുത്തിടെ ക്ലിയറൻസ് നേടിയ ഋഷഭ് പന്ത് ആദ്യ 20 റാങ്കിനുകളിലെ അവസാന ഇന്ത്യക്കാരനാണ്. 692 റേറ്റിംഗ് പോയിൻ്റുമായി പന്ത് 15-ാം സ്ഥാനത്താണ്.

Rate this post