വെടിക്കെട്ട് സെഞ്ചുറിയുമായി രോഹിത് ശർമ്മ , അഫ്ഗാനെതിരെ തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ |World Cup 2023

ലോകകപ്പിലെ രണ്ടാം മത്സരത്തിലും തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യൻ ടീം. അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തിൽ 8 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 90 പന്തുകൾ ബാക്കി നിൽക്കവെയാണ് ഇന്ത്യയുടെ ഈ പടുകൂറ്റൻ വിജയം. ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ തകർപ്പൻ സെഞ്ചുറിയാണ് മത്സരത്തിൽ ടീമിന്റെ വിജയത്തിൽ നിർണായകമായത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 272 എന്ന സ്കോറിൽ എത്തിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി രോഹിത് ശർമ നിറഞ്ഞാടുന്നതാണ് കണ്ടത്. രോഹിത് ശർമയുടെ ആറാട്ടിൽ ഇന്ത്യ അനായാസം മത്സരം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുത്തു. ബാറ്റിംഗിന് അനുകൂലമായ പിച്ചിലാണ് മത്സരം നടന്നതെങ്കിലും അത്ര മികച്ച തുടക്കം അഫ്ഗാനിസ്ഥാന് ലഭിച്ചില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയുടെ പേസർമാർ മത്സരത്തിൽ ആധിപത്യം സ്ഥാപിക്കുന്നുണ്ടായിരുന്നു.

എന്നാൽ നാലാമനായി ക്രീസിലെത്തിയ നായകൻ ഷാഹിദി അഫ്ഗാനുവേണ്ടി പോരാടി. 88 പന്തുകൾ നേരിട്ട് ഷാഹിദി 80 റൺസാണ് മത്സരത്തിൽ നേടിയത്. ഒപ്പം 69 പന്തുകളിൽ 62 റൺസുമായി അസ്മത്തുള്ളയും ഷാഹിദിക്ക് നല്ല പിന്തുണ നൽകി. ഇതോടെ അഫ്ഗാനിസ്ഥാൻ നിശ്ചിത 50 ഓവറുകളിൽ 272 എന്ന സ്കോറിൽ എത്തുകയായിരുന്നു. ഇന്ത്യയ്ക്കായി ജസ്പ്രീറ്റ് ബുമ്ര 10 ഓവറുകളിൽ 39 റൺസ് മാത്രം വിട്ടുനൽകി നാല് വിക്കറ്റുകൾ സ്വന്തമാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി തുടക്കത്തിൽ തന്നെ രോഹിത് ശർമ വെടിക്കെട്ട് തീർത്തു. പവർ പ്ലേ ഓവറുകളിൽ തന്നെ അഫ്ഗാനിസ്ഥാനെ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. കേവലം 30 പന്തുകളിൽ നിന്നായിരുന്നു രോഹിത് തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. അതിനു ശേഷവും രോഹിത് താണ്ഡവം തുടർന്നു. ഒരു വശത്ത് ഇഷാൻ കിഷൻ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ മറുവശത്ത് രോഹിത് ഒരു ട്വന്റി20 മത്സരം പോലെയാണ് കളിച്ചത്.

63 പന്തുകളിൽ നിന്നായിരുന്നു രോഹിത് ശർമ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. ലോകകപ്പിലെ രോഹിത് ശർമയുടെ ഏഴാം സെഞ്ചുറിയാണ് മത്സരത്തിൽ പിറന്നത്. മത്സരത്തിൽ 84 പന്തുകളിൽ നിന്ന് 131 റൺസാണ് ഇന്ത്യൻ നായകൻ നേടിയത്. 16 ബൗണ്ടറികളും 5 സിക്സറുകളും രോഹിത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. രോഹിത് പുറത്തായ ശേഷം വിരാട് കോഹ്ലിയും(55*) ക്രീസിൽ ഉറച്ചതോടെ ഇന്ത്യ അനായാസം വിജയത്തിൽ എത്തുകയായിരുന്നു.

5/5 - (1 vote)