പെനാൽറ്റി നൽകാത്തതിന് റഫറിക്ക് നേരെ അലറിവിളിച്ച് ഗ്രൗണ്ട് സ്റ്റാഫിനെ പിടിച്ച് തള്ളി ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo

യുഎഇ ക്ലബ് ഷബാബ് അൽ-അഹ്ലിലെ കീഴടക്കി എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ഇടം നേടിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ. രണ്ടിനെതിരെ നാല് ഗോളിന്റെ ജയമാണ് അൽ നാസർ സ്വന്തമാക്കിയത്. അവസാന ആറു മിനുട്ടിൽ മൂന്നു ഗോൾ നേടിയാണ് അൽ നാസർ വിജയം സ്വന്തമാക്കിയത്.

തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം ജയിക്കണം എന്ന വാശിയോടെയാണ് അൽ നാസർ മത്സരത്തിനിറങ്ങിയത്.അത് സൂപ്പർ താരം റൊണാൾഡോയുടെ രീര ഭാഷയിൽ നിന്ന് വ്യക്തമായിരുന്നു.മത്സരത്തിനിടെ പല തവണ ക്രിസ്റ്റ്യാനോ റൊണാൾഡോ കോപാകുലനായി.പെനാൽറ്റി അപ്പീലുകൾ നിരസിക്കപ്പെട്ടതിനെത്തുടർന്ന് റൊണാൾഡോ അസ്വസ്ഥനായിരുന്നു.ആ നിരാശ മുഴുവൻ റഫറിയുടെ മേലാണ് തീർത്തത്.പുതിയ സൗദി പ്രോ ലീഗ് സീസൺ ക്ലബ്ബ് ആഗ്രഹിച്ചതുപോലെ ആരംഭിക്കാൻ സാധിച്ചില്ലെങ്കിലും ഇന്നലത്തെ വിജയം അവർക്ക് ആശ്വാസമായി.

മത്സരത്തിന്റെ 11 ആം മിനുട്ടിൽ ആൻഡേഴ്സൺ ടാലിസ്ക അൽ-നാസറിന് ലീഡ് നേടിക്കൊടുത്തു.18 ആം മിനുട്ടിൽ അൽ ഗസ്സാനിയിലൂടെ ശബാബ് ഒപ്പമെത്തി. 46 ആം മിനുട്ടിൽ അൽ ഗസ്സാനി ഒരിക്കൽ കൂടി വല കുലുക്കി ശബാബിനെ മുന്നിലെത്തിച്ചു.തിരിച്ചടിക്കാനുള്ള അൽ-നസ്റിന്റെ നീക്കങ്ങളെ ശബാബ് പ്രതിരോധനിര കൃത്യമായി തടഞ്ഞതോടെ ഗോൾ കീപ്പറെ പരീക്ഷിക്കാൻ പോലുമാവാതെ അൽ നസ്ർ പ്രതിസന്ധിയിലായി.

റെഗുലർ ടൈമിന്റെ അവസാന മിനുട്ടുകളിൽ 1-2 ന് പിറകിലായി അൽ നസ്ർ പരാജയം ഉറപ്പിച്ച വേളയിലാണ് 88 ആം മിനുട്ടിൽ അൽ ഗനാമിലൂടെ അൽ- നസ്ർ ഒപ്പമെത്തുന്നത്. പിന്നീട് അൽ-നസ്റിന്റെ അത്ഭുത തിരിച്ചുവരവാണ് കാണാൻ സാധിച്ചത്.95 ആം മിനുട്ടിൽ ടലിസ്ക്കയും 97 ആം മിനുട്ടിൽ ബ്രോൻസോവിച്ചും വല കുലുക്കിയതോടെ അൽ നസ്ർ- 4-2 ന് മുന്നിലെത്തി.

വിജയിച്ചെങ്കിലും മത്സരത്തിൽ മാച്ച് ഒഫീഷ്യൽ എടുത്ത തീരുമാനങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തൃപ്തനായിരുന്നില്ല.46-ാം മിനിറ്റിൽ റൊണാൾഡോയുടെ അക്രോബാറ്റിക് ശ്രമം ഷബാബ് അൽ-അഹിലിന്റെ ഡിഫൻഡറുടെ കയ്യിൽ തട്ടിയനെകിലും റഫറി പെനാൽറ്റി അനുവദിച്ചില്ല.മത്സരത്തിലെ ഒഫീഷ്യലിന്റെ കോൾ റൊണാൾഡോയെ രോഷാകുലനാക്കുകയും ഡ്രസിങ് റൂമിലേക്ക് പോകുന്നതിനിടയിൽ ഗ്രൗണ്ട് സ്റ്റാഫിൽ അംഗമെന്ന് തോന്നിക്കുന്ന ഒരു വ്യക്തിയെ പിടിച്ചു തള്ളുകയും ചെയ്തു. മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ടു പെനാൽറ്റികളാണ് അൽ നാസറിന് നിഷേധിക്കപ്പെട്ടത്.

Rate this post