തകർപ്പൻ സെഞ്ചുറിയുമായി സച്ചിൻ ബേബി ,ബംഗാളിനെതിരെ ആദ്യ ദിനം കേരളം മികച്ച നിലയിൽ | Ranji Trophy

ബംഗാളിനെതിരായ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൻ്റെ ആദ്യ ദിനം കളി നിർത്തുമ്പോൾ കേരളം 265/4 എന്ന മികച്ച നിലയിലാണുള്ളത്. സച്ചിൻ ബേബിയുടെ സെഞ്ചുറിയാണ് കേരളത്തിന്റെ ഇന്നിങ്സിന് കരുത്തു നൽകിയത്.സച്ചിൻ (110), അക്ഷയ് ചന്ദ്രൻ (76) എന്നിവരാണ് കളി നിർത്തുമ്പോൾ ക്രീസിൽ. രണ്ട് ഇടംകൈയ്യൻമാരും ഇതുവരെ തകർക്കാത്ത അഞ്ചാം വിക്കറ്റിൽ 153 റൺസ് കൂട്ടിച്ചേർത്തു.

രോഹൻ കുന്നുമ്മൽ (19), ജലജ് സക്‌സേന (40), രോഹൻ പ്രേം (3), ക്യാപ്റ്റൻ സഞ്ജു സാംസൺ (8) എന്നിവരാണ് പുറത്തായത്.തുമ്പ സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ക്യാപ്റ്റൻ സഞ്ജു സാംസൺ ഒരിക്കൽ കൂടി നിരാശപെടുത്തിയപ്പോൾ സച്ചിൻ ബേബിയാണ് കേരളത്തിന്റെ രക്ഷക്കെത്തിയത്. ഒമ്പത് ഫോറുകളുടെയും ഒരു സിക്‌സറിൻ്റെയും സഹായത്തോടെ സച്ചിൻ തൻ്റെ 13-ാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറി നേടി. ഈ സീസണിൽ ആറ് മത്സരങ്ങളിൽ നിന്ന് അദ്ദേഹത്തിൻ്റെ മൂന്നാമത്തെ സെഞ്ചുറിയാണിത്.

സച്ചിൻ്റെ തുടർച്ചയായ നാലാമത്തെ 50 പ്ലസ് സ്‌കോർ കൂടിയാണിത്. ബീഹാറിനെതിരെ പുറത്താകാതെ 109 റൺസും ഛത്തീസ്ഗഡിനെതിരെ 91, 94 റൺസും താരം നേടിയിരുന്നു.സൂരജ് സിന്ധു ജയ്‌സ്വാൾ, ആകാശ് ദീപ്, അങ്കിത് മിശ്ര, ഷഹബാസ് അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.അഞ്ച് മത്സരങ്ങളിൽ നിന്ന് എട്ട് പോയിൻ്റ് മാത്രമുള്ള കേരളത്തിന് മെലിഞ്ഞ ക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്താൻ ഒരു ബോണസ് പോയിൻ്റിൽ ജയിച്ചേ മതിയാകൂ. എട്ട് ടീമുകളുള്ള ഗ്രൂപ്പിൽ അഞ്ച് കളികളിൽ നിന്ന് 12 പോയിൻ്റുമായി ബംഗാൾ നാലാം സ്ഥാനത്താണ്.ഈ സീസണിൽ കന്നി ജയം തേടിയാണ് കേരളം ഇറങ്ങിയത്.

ഗ്രൂപ്പ് ടോപ്പർമാരായ മുംബൈ (27 പോയിൻ്റ്) ഇതിനകം ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചപ്പോൾ ആന്ധ്ര (22) രണ്ടാം സ്ഥാനത്താണ്.സ്‌കോര്‍ ബോര്‍ഡില്‍ 26 റണ്‍സ് മാത്രമുള്ളപ്പോള്‍ രോഹന്റെ വിക്കറ്റ് കേരളത്തിന് നഷ്ടമായി.മൂന്നാമതായി ക്രീസിലെത്തിയ 3 റൺസ് നേടിയ രോഹന്‍ പ്രേമിനെ ആകാശ് പുറത്താക്കി. സ്കോർ 82 ൽ നിലക്കെ ഓപ്പണറായി ഇറങ്ങി 40 റൺസ് നേടിയ സക്‌സേന മടങ്ങി. പിന്നാലെ 8 റൺസ് നേടിയ സഞ്ജു സാംസണെ കേരളത്തിന് നഷ്ടമായി.

ഷഹ്ബാസ് അഹമ്മദിന്റെ പന്തില്‍ തിവാരിക്ക് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്. ഒരു ബൗണ്ടറി പോലും ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നില്ല.220 പന്തിൽ നിന്നും 10 ഫോറും ഒരു സിക്സുമടക്കം 110 റൺസാണ് സച്ചിൻ നേടിയത്. 150 പന്തിൽ നിന്നും 7 ബൗണ്ടറികളോടെയാണ് അക്ഷയ് ചന്ദ്രൻ 76 റൺസ് നേടിയത്.

Rate this post