‘സൗദി പ്രോ ലീഗ് മേജർ ലീഗ് സോക്കറിനേക്കാൾ “മികച്ചതാണ്”, യൂറോപ്പിൽ ഇനി കളിക്കില്ലെന്ന് ഉറപ്പാണ്’: ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

മേജർ ലീഗ് സോക്കറിനേക്കാൾ സൗദി പ്രോ ലീഗ് “മികച്ചതാണ്” എന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.ഭാവിയിൽ യുഎസിലേക്കോ നീക്കവും റൊണാൾഡോ തള്ളിക്കളഞ്ഞു.സെൽറ്റ വിഗോയ്‌ക്കെതിരായ അൽ നാസറിന്റെ പ്രീ-സീസൺ സൗഹൃദ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റൊണാൾഡോ.

പോർച്ചുഗലിലെ അൽഗാർവ് ഏരിയയിൽ നടന്ന മത്സരത്തിൽ സൗദി ക്ലബ് 5-0ന് തോറ്റു.”സൗദി ലീഗ് MLS നേക്കാൾ മികച്ചതാണ്, തനിക്ക് അമേരിക്കയിൽ കളിക്കാനോ യൂറോപ്പിലെ ഒരു ടീമിലേക്ക് മടങ്ങാനോ പദ്ധതിയില്ലെന്നും”അൽ നാസർ സ്‌ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.ലയണൽ മെസ്സിയെ ഞായറാഴ്ച ഇന്റർ മിയാമി സിഎഫ് കളിക്കാരനായി അനാച്ഛാദനം ചെയ്തതിന് ശേഷം താൻ എം‌എൽ‌എസിലേക്ക് മാറുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് റൊണാൾഡോയുടെ അഭിപ്രായം.

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നിരവധി കളിക്കാർ യൂറോപ്യൻ ഫുട്ബോളിൽ നിന്ന് സൗദി ക്ലബ്ബുകളിലേക്ക് മാറി. കരീം ബെൻസെമ, റൂബെൻ നെവസ്, എൻഗോലോ കാന്റെ, റോബർട്ടോ ഫിർമിനോ, മാഴ്സെലോ ബ്രോസോവിച്ച് തുടങ്ങിയവരാണ് സൗദി പ്രോ ലീഗിൽ എത്തിയ പ്രമുഖർ.യൂറോപ്പിലേക്കുള്ള തിരിച്ചുവരവ് റൊണാൾഡോ വ്യക്തമായി തള്ളിക്കളഞ്ഞു, സമീപ വർഷങ്ങളിൽ കളിയുടെ നിലവാരം കുറഞ്ഞതായി തനിക്ക് തോന്നുന്നുവെന്നും കൂട്ടിച്ചേർത്തു.

“ഞാൻ ഒരു യൂറോപ്യൻ ക്ലബിലേക്കും തിരിച്ചുവരില്ലെന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്,” റൊണാൾഡോ പറഞ്ഞു.“എനിക്ക് ഇതിനകം 38 വയസ്സായി,ഫുട്ബോൾ കാണുമ്പോൾ യൂറോപ്പിന് ഒരുപാട് നിലവാരം നഷ്ടപ്പെട്ടതായി ഞാൻ കരുതുന്നു. എന്നെ സംബന്ധിച്ചിടത്തോളം വളരെ നിലവാരമുള്ളതും മറ്റെല്ലാറ്റിനേക്കാളും ഉയർന്ന നിലവാരത്തിലുള്ളതുമായ ഒരേയൊരു ലീഗ് പ്രീമിയർ ലീഗ് മാത്രമാണ്. അത്ര മികച്ച നിലവാരം സ്പാനിഷ് ലീഗിനില്ല.പോർച്ചുഗീസ് ലീഗ് നല്ലതാണെങ്കിലും മികച്ച ലീഗല്ല. ജർമ്മൻ ലീഗും ഒരുപാട് നഷ്ടപ്പെട്ടുവെന്ന് ഞാൻ കരുതുന്നു. യൂറോപ്പിൽ ഇനി കളിക്കില്ലെന്ന് ഉറപ്പാണ്. എനിക്ക് സൗദി അറേബ്യയിൽ കളിക്കണം” റൊണാൾഡോ പറഞ്ഞു. വ്യാഴാഴ്ച നടക്കുന്ന സൗഹൃദ മത്സരത്തിൽ അൽ നാസർ പോർച്ചുഗീസ് ചാമ്പ്യന്മാരായ ബെൻഫിക്കയെ നേരിടും.

Rate this post