ഒന്നിന് പുറകെ ഒന്നായി പരാജയങ്ങൾ , ശുഭ്മാൻ ഗിൽ ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ നിന്നും പുറത്തേക്കോ ? | Shubman Gill

ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർ താരമായാണ് ശുഭ്മാൻ ഗില്ലിനെ കണക്കാക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളിലായി യുവ താരത്തിന് ടെസ്റ്റ് ക്രിക്കറ്റിൽ മികവ് പുലർത്താൻ സാധിക്കുന്നില്ല. ഹൈദരാബാദിൽ ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിഗ്‌സുകളിലും ഗിൽ പരാജയമായിരുന്നു.

ആദ്യ ഇന്നിങ്സിൽ 66 പന്തിൽ 23 റൺസ് മാത്രം നേടിയ ഗില്ലിനെ അരങ്ങേറ്റക്കാരനായ സ്പിന്നർ ടോം ഹാർട്ട്‌ലിയുടെ പന്തിൽ ബെൻ ഡക്കറ്റ് പിടിച്ചു പുറത്താക്കി.അദ്ദേഹം ഹാർട്ട്‌ലിയുടെ കന്നി ടെസ്റ്റ് വിക്കറ്റായി മാറി. രണ്ടാം ഇന്നിഗ്‌സിൽ നേരിട്ട് ആദ്യ പന്തിൽ തന്നെ ടോം ഹാർട്ട്ലി ഗില്ലിനെ പുറത്താക്കി.ഇംഗ്ലണ്ടിൻ്റെ വൈസ് ക്യാപ്റ്റൻ ഒല്ലി പോപ്പ് സില്ലി പോയിൻ്റിൽ ക്യാച്ചെടുത്തു.റെഡ്-ബോൾ ക്രിക്കറ്റിൽ ഗില്ലിൻ്റെ മോശം ഫോം തുടരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.തൻ്റെ മൂന്നാം നമ്പർ റോളിൽ പൊരുത്തപ്പെടാൻ പാടുപെടുകയാണ്.

വെറ്ററൻ താരം ചേതേശ്വർ പൂജാരയിൽ നിന്ന് അടുത്തിടെ മൂന്നാം സ്ഥാനം നേടിയെടുത്ത ഗിൽ തുടർച്ചായി പരാജയപ്പെടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്ന് മൂന്നാം നമ്പർ സ്ഥാനം ഏറ്റെടുത്തതിന് ശേഷം ഗില്ലിന് അമ്പതിലധികം സ്കോർ നേടാൻ കഴിഞ്ഞിട്ടില്ല. 39 ടെസ്റ്റ് ഇന്നിംഗ്സുകളിൽ 29 .53 എന്ന നിരാശാജനകമായ ശരാശരിയിൽ 1063 റൺസ് ആണ് ഗില്ലിന്റെ സമ്പാദ്യം.കഴിഞ്ഞ വർഷം മാർച്ചിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ അഹമ്മദാബാദിൽ 128 റൺസ് അടിച്ചെടുത്തതാണ് അദ്ദേഹത്തിന്റെ അവസാന 50+ സ്‌കോർ. ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ ശക്തരായ ടെസ്റ്റ് എതിരാളികൾക്കെതിരെ ഗില്ലിന് ഒരിക്കൽ പോലും മികവ് പുലർത്താൻ സാധിച്ചില്ല.

മൂന്നാം സ്ഥാനത്ത് ഒമ്പത് ടെസ്റ്റ് ഇന്നിംഗ്സുകളിൽ നിന്ന് 23.62 എന്ന മോശം ശരാശരിയിൽ ഗില്ലിന് 189 റൺസ് മാത്രമാണ് നേടാനായത്. വൈറ്റ്-ബോൾ ക്രിക്കറ്റിൽ അദ്ദേഹം കാണിക്കുന്ന സമാനമായ ഫോം പ്രകടിപ്പിക്കാൻ പാടുപെടുന്നതിനാൽ അദ്ദേഹത്തിൻ്റെ മൊത്തത്തിലുള്ള ബാറ്റിംഗ് ശരാശരിയും 30 ന് താഴെയായി കുറയുകയും ചെയ്തു.ആദ്യ ഇന്നിംഗ്സിൽ പുറത്തായതിന് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കറിൽ നിന്ന് ശുഭ്മാൻ ഗില്ലിന് കടുത്ത വിമർശനം നേരിടേണ്ടി വന്നു.രോഹിത് ശർമ്മയെ ഇന്ത്യക്ക് നഷ്ടമായപ്പോൾ ആദ്യ ദിനം 24 കാരനായ ബാറ്റർ ബാറ്റ് ചെയ്യാനെത്തിയെങ്കിലും ഷോട്ടിൻ്റെ തിരഞ്ഞെടുപ്പ് മോശമായിരുന്നു. ബെൻ സ്‌റ്റോക്‌സിൻ്റെയും ഇംഗ്ലണ്ട് ടീമിൻ്റെയും പദ്ധതികൾക്കനുസരിച്ച് ബൗളർമാർ പന്തെറിഞ്ഞപ്പോൾ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ പാടുപെടും ചെയ്തു.

ടെസ്റ്റിലെ ഗില്ലിന്റെ സ്ഥാനം തുലാസിലാണെന്ന് ഇന്ത്യയുടെ വെറ്ററൻ വിക്കറ്റ് കീപ്പർ-ബാറ്റർ ദിനേശ് കാർത്തിക് പറഞ്ഞു.“ശുബ്മാൻ ഗിൽ ഇവിടെ വലിയ ചോദ്യചിഹ്നമാണ്. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് അദ്ദേഹം ഉയർന്നിട്ടില്ല. 20 ടെസ്റ്റുകൾ കളിച്ചതിന് ശേഷം ശരാശരി 30-കളുടെ മധ്യത്തിലോ 30-കളുടെ തുടക്കത്തിലോ ആയിട്ടും ടീമിൽ നിലനിൽക്കുന്നത് ഭാഗ്യമാണെന്ന് അദ്ദേത്തിനു അറിയാമെന്നും അടുത്ത ടെസ്റ്റിൽ അദ്ദേഹത്തിന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന്റെ സ്ഥാനം തീർച്ചയായും സ്കാനറിന് കീഴിലാകും, ”കാർത്തിക് പറഞ്ഞു.

Rate this post