‘തീതുപ്പുന്ന പന്തുകളുമായി ബുംറ’: അഫ്ഗാനിസ്ഥാനെതിരെ 47 റൺസിന്റെ മിന്നുന്ന ജയവുമായി ഇന്ത്യ | T20 World Cup 2024

സൂപ്പർ ഏട്ടിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ മിന്നുന്ന ജയവുമായി ഇന്ത്യ. 182 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാനെ 134 ന് പുറത്താക്കി 47 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യക്ക് വേണ്ടി ബുംറ 4 ഓവറിൽ 7 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തി.26 റൺസ് നേടിയ ഒമാർസായിയാണ് അഫ്ഗാന്റെ ടോപ് സ്‌കോറർ. ഇന്ത്യക്കായി അർഷ്ദീപ് സിംഗ് മൂന്നും വിക്കറ്റ് നേടി.

ടോസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ രോഹിത് – കോലി സഖ്യം റൺസ് കണ്ടെത്താൻ പാടുപെട്ടു. സ്കോർ 11 ൽ നിൽക്കെ ക്യാപ്റ്റൻ രോഹിത് ശർമയെ ഇന്ത്യക്ക് നഷ്ടമായി.13 പന്തുകളിൽ എട്ടു റൺസെടുത്ത രോഹിത്, ഫസൽഹഖ് ഫറൂഖിയുടെ പന്തിൽ റാഷിദ് ഖാൻ ക്യാച്ചെടുത്താണു മടങ്ങിയത്. മൂന്നാമനായി ഇറങ്ങിയ പന്ത് വേഗത്തിൽ റൺസ് സ്കോർ ചെയ്തു.

എന്നാൽ സ്കോർ 54 ൽ നിൽക്കെ 20 റൺസ് നേടിയ പന്തിനെ റഷീദ് ഖാൻ വിക്കറ്റിന് മുന്നിൽ കുടുക്കി. പിന്നാലെ 24 പന്തിൽ നിന്നും 24 റൺസ് നേടിയ കോലിയെയും റാഷിദ് ഖാൻ പുറത്താക്കി. നാലാം വിക്കറ്റിൽ ഒത്തുചേർന്ന ശിവം ദുബൈയും സൂര്യകുമാറും സ്കോർ ബോർഡ് വേഗത്തിൽ ചലിപ്പിച്ചു. എന്നാൽ 11 ആം ഓവറിൽ 7 പന്തിൽ നിന്നും 10 റൺസ് നേടിയ ദുബെയെ റഷീദ് ഖാൻ വിക്കറ്റ് മുന്നിൽ കുടുക്കിയതോടെ ഇന്ത്യ 4 വിക്കറ്റിന് 90 എന്ന നിലയിലായി.13 ആം ഓവറിൽ ഇന്ത്യൻ സ്കോർ 100 കടന്നു .

ഹർദിക് പാണ്ട്യയും സൂര്യകുമാറും ചേർന്ന് ഇന്ത്യൻ സ്കോർ വേഗത്തിൽ ചലിപ്പിച്ചു. 17 ഓവറിലെ അവസാന പന്തിൽ സ്കോർ 150 ൽ നിൽക്കെ സൂര്യകുമാറിനെ ഇന്ത്യക്ക് നഷ്ടമായി. 28 പന്തിൽ നിന്നും 5 ബൗണ്ടറിയും മൂന്നു സിക്‌സും അടക്കം 53 റൺസാണ് സൂര്യ നേടിയത്. സ്കോർ 159 ൽ നിൽക്കെ 32 റൺസ് നേടിയ ഹർദിക്കിനെയും ഇന്ത്യക്ക് നഷ്ടപ്പെട്ടു. അടുത്ത ഓവറിൽ 7 റൺസ് നേടിയ ജഡേജയെയും ഇന്ത്യക്ക് നഷ്ടമായി. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് ഇന്ത്യ നേടിയത്.

3.5/5 - (2 votes)