ദൈവത്തിന് മുകളിൽ കിംഗ് !! 50ആം സെഞ്ച്വറിയുമായി സച്ചിനെ മറികടന്ന് വിരാട് കോലി | Virat Kohli

ഏകദിനത്തിൽ അമ്പതാം സെഞ്ച്വറി തികച്ച് റെക്കോർഡ് ബുക്കിൽ ഇടംനേടിയിരിക്കുകയാണ് വിരാട് കോലി.മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരായ ലോകകപ്പ് ആദ്യ സെമിഫൈനലിൽ കോലി തന്റെ അൻപതാം സെഞ്ച്വറി നേടി സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടന്നിരിക്കുകയാണ്. സച്ചിൻ ഏകദിനത്തിൽ 49 സെഞ്ചുറികളാണ് നേടിയിട്ടുള്ളത്.

2012 മാർച്ച് 16 ന് ഏഷ്യാ കപ്പിൽ ബംഗ്ലാദേശിനെതിരെയാണ് സച്ചിൻ 49 ആം സെഞ്ച്വറി നേടിയത്.സച്ചിന്റെ ഏകദിന കരിയറിലെ അവസാന ഇന്നിംഗ്‌സായിരുന്നു അത്, 114 റൺസാണ് സച്ചിൻ മത്സരത്തിൽ നേടിയത്.അന്ന് വെറും 10 ഏകദിന സെഞ്ചുറികൾ മാത്രമുണ്ടായിരുന്ന കോഹ്‌ലി ഒടുവിൽ അദ്ദേഹത്തെ മറികടന്നു.ഏകദിന ക്രിക്കറ്റിൽ 40ലധികം സെഞ്ചുറികൾ നേടിയത് കോഹ്‌ലിക്കും സച്ചിനും മാത്രമാണ്. 31 സെഞ്ചുറികളുമായി സച്ചിന് പിന്നാലെയാണ് നിലവിലെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിംഗ് മാത്രമാണ് ഫോർമാറ്റിൽ 30 ടൺ തികച്ച താരം.

മത്സരത്തിൽ രോഹിത് ശർമ പുറത്തായ ശേഷമായിരുന്നു വിരാട് കോഹ്ലി ക്രീസിൽ എത്തിയത്. രണ്ടാം വിക്കറ്റിൽ ശുഭമാൻ ഗില്ലിനൊപ്പം ഒരു വെടിക്കെട്ട് കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ കോഹ്ലിയ്ക്ക് സാധിച്ചു. തന്റേതായ ശൈലിയിൽ സിംഗിളുകൾ നേടിയും സ്ട്രൈക് റൊട്ടേറ്റ് ചെയ്തുമായിരുന്നു കോഹ്ലി മുന്നേറിയത്. ഇങ്ങനെ 59 പന്തുകളിൽ നിന്നാണ് കോഹ്ലി തന്റെ അർത്ഥസഞ്ചറി പൂർത്തീകരിച്ചത്. എന്നാൽ പാതിവഴിയിൽ പരിക്കേറ്റ ശുഭമാൻ ഗില്ലിന് കൂടാരം കേറേണ്ടിവന്നു.

ശേഷം ശ്രേയസ് അയ്യരുമൊപ്പം ചേർന്ന് കോഹ്ലി തന്റെ ഇന്നിംഗ്സ് മുൻപിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആവശ്യമായ സമയത്ത് ഇന്ത്യയ്ക്കായി ഗ്യാപ്പുകൾ കണ്ടെത്തി ബൗണ്ടറികൾ സ്വന്തമാക്കാൻ വിരാട് കോഹ്ലിക്ക് സാധിച്ചു.മത്സരത്തിൽ 110 പന്തുകളിൽ നിന്നാണ് കോഹ്ലി തന്റെ അമ്പതാം സെഞ്ചുറി പൂർത്തീകരിച്ചത്. ഇന്നിംഗ്സിൽ 9 ബൗണ്ടറികളും 1 സിക്സറും ഉൾപ്പെട്ടു.

മത്സരത്തിൽ ഇന്ത്യയെ ഒരു ശക്തമായ നിലയിൽ എത്തിക്കാൻ വിരാട് കോഹ്ലിയുടെ ഈ കിടിലൻ ഇന്നിങ്സിന് സാധിച്ചിട്ടുണ്ട്. ഇന്നിംഗ്സിലൂടനീളം കൃത്യമായ ആധിപത്യം സ്ഥാപിച്ചാണ് ഇന്ത്യ മത്സരത്തിൽ ശക്തമായ ഒരു സ്കോറിലേക്ക് എത്തിയത്. മറുവശത്ത് ന്യൂസിലാൻഡിനെ സംബന്ധിച്ച് വളരെ മോശം ബോളിംഗ് പ്രകടനം തന്നെയാണ് കാഴ്ച വച്ചിരിക്കുന്നത്. മത്സരത്തിൽ വലിയ വിജയം നേടി ഫൈനലിലേക്ക് യോഗ്യത നേടാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

Rate this post