നിരാശപ്പെടുത്തി സഞ്ജു സാംസൺ : വിന്‍ഡീസിനെതിരെയുള്ള ആദ്യ ടി 20 യിൽ പരാജയം ഏറ്റുവാങ്ങി ഇന്ത്യ
വെസ്റ്റിൻഡീസിനെതിരായ ആദ്യ ട്വന്റി20യിൽ ഇന്ത്യയ്ക്ക് പരാജയം. മത്സരത്തിൽ 4 റൺസിന്റെ പരാജയമാണ് ഇന്ത്യ നേരിട്ടത്. ഏകദിന പരമ്പര 2-1ന് സ്വന്തമാക്കിയ ഇന്ത്യയെ സംബന്ധിച്ച് വളരെയധികം ഞെട്ടിക്കുന്ന പരാജയം തന്നെയാണ് മത്സരത്തിൽ നേരിടേണ്ടി വന്നത്.
വിൻഡിസിനായി മത്സരത്തിൽ നായകൻ ബ്രാന്തൻ കിങ്ങും നിക്കോളാസ് പൂരനുമാണ് മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചത്. ഇന്ത്യയ്ക്കായി തിലക് വർമ്മ കിണഞ്ഞു ശ്രമിച്ചെങ്കിലും വെസ്റ്റിൻഡീസ് ബോളിങ്ങിന് മുൻപിൽ പത്തി മടക്കേണ്ടി വന്നു. മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വെസ്റ്റിൻഡീസിനായി ഓപ്പണർ കിങ്(28) മികച്ച തുടക്കം തന്നെ നൽകി. ചാൾസും(3) മേയെഴ്‌സും(1) ഇന്ത്യയുടെ സ്പിന്നിനു മുൻപിൽ തറപറ്റിയെങ്കിലും പൂരൻ ക്രീസിൽ ഉറക്കുകയായിരുന്നു. മത്സരത്തിൽ 34 പന്തുകളിൽ 41 റൺസ് ആണ് പൂരൻ നേടിയത്.
ഒപ്പം നായകൻ പവലും ഇന്ത്യൻ ബോളർമാർക്കുമേൽ നിറഞ്ഞാടി. 32 പന്തുകളിൽ 48 റൺസ് സ്വന്തമാക്കാൻ പവലിന് സാധിച്ചു. ഇതോടെ വിൻഡീസ് സ്കോർ നിശ്ചിത 20 ഓവറുകളിൽ 149 റൺസിൽ എത്തുകയായിരുന്നു.മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഒരു ദുരന്ത തുടക്കമാണ് ലഭിച്ചത്. ഓപ്പണർ ഇഷാൻ കിഷനെയും(6) ശുഭമാൻ ഗില്ലിനെയും(3) ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി. പിന്നീട് എത്തിയ സൂര്യകുമാർ യാദവ്(21) തിലക് വർമ്മക്കൊപ്പം ഇന്ത്യയ്ക്ക് മികച്ച ഒരു കൂട്ടുകെട്ട് സമ്മാനിച്ചു. എന്നാൽ അധികം താമസിയാതെ സൂര്യകുമാർ മടങ്ങിയതോടെ ഇന്ത്യ കൂടുതൽ പരുങ്ങലിലായി.
എന്നിരുന്നാലും അരങ്ങേറ്റക്കാരനായ തിലക് വർമ്മ 22 പന്തുകളിൽ 39 റൺസുമായി കളം നിറയുന്നതാണ് കണ്ടത്. തിലക് വർമയുടെ ഇന്നിംഗ്സിൽ രണ്ട് ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉൾപ്പെട്ടു. എന്നാൽ ഒരു ചെറിയ ഇടവേളയിൽ തന്നെ തിലക് വർമ്മയുടെയും ഹർദിക് പാണ്ഡ്യയുടെയും(19) സഞ്ജു സാംസന്റെയും(12) വിക്കറ്റ് നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയുണ്ടാക്കി.
അവസാന രണ്ട് ഓവറുകളിൽ 21 റൺസായിരുന്നു ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. ഓവറിലെ ആദ്യ പന്തിൽ ഇന്ത്യയ്ക്ക് അക്ഷർ പട്ടേലിന്റെ(13) വിക്കറ്റ് നഷ്ടമായി. എന്നാൽ അതിനു പിന്നാലെ തുടർച്ചയായി ബൗണ്ടറികൾ നേടി അർഷദ്ദീപ് സിംഗ് ഇന്ത്യക്ക് പ്രതീക്ഷകൾ നൽകി. അർഷദീപിന്‍റെ മികച്ച ബാറ്റിംഗിന്റെ ബലത്തിൽ അവസാന ഓവറിൽ ഇന്ത്യയുടെ വിജയലക്ഷ്യം 10 റൺസായി കുറഞ്ഞു.എന്നാൽ അവസാന ഓവറിൽ ഷെപ്പേർഡ് കൃത്യതയോടെ പന്തറിഞ്ഞപ്പോൾ വിൻഡീസ് 4 റൺസിന്റെ ഉഗ്രൻ വിജയം സ്വന്തമാക്കുകയായിരുന്നു.