ലോകകപ്പ് യോഗ്യത മത്സരത്തിൽ ശക്തരായ ഖത്തറിനോട് പൊരുതി കീഴടങ്ങി ഇന്ത്യ | India vs Qatar

ലോകകപ്പ് യോഗ്യത മത്സരത്തിൽ ഖത്തറിനെതിരെ ഇന്ത്യക്ക് തോൽവി. എതിരില്ലാത്ത മൂന്നു ഗോളിന്റെ ജയമാണ് ഖത്തർ നേടിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ഖത്തറിനെതിരെ സമനിലയിൽ എത്താൻ ഇന്ത്യക്ക് 2 നല്ല അവസരങ്ങൾ ലഭിച്ചെങ്കിലും അപ്പൂയയും ഥാപ്പയും അവരുടെ ഷോട്ടുകൾ പാഴാക്കി.രണ്ടാം പകുതിയിൽ തിരിച്ചെത്തിയ ഖത്തർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടു ഗോളുകൾ കൂടി നേടി വിജയം ഉറപ്പാക്കി.

ഖത്തറിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. രണ്ടാം മിനുട്ടിൽ അക്രം അഫീഫ് വലിയയൊരു ഗോൾ അവസരം നഷ്ടപ്പെടുത്തി. നാലാം മിനുട്ടിൽ ഖത്തർ ലീഡ് നേടി.ഒരു കോർണറിൽ നിന്ന് ഇന്ത്യ പന്ത് ക്ലിയർ ചെയ്യുന്നതിൽ പരാജയപ്പെട്ടപ്പോൾ മുസ്തഫ മെഷാൽ ഖത്തറിന് ലീഡ് നേടിക്കൊടുത്തു. 22 ആം മിനുട്ടിൽ ലീഡുയർത്താൻ അവസരം ലഭിച്ചെങ്കിലും ഇന്ത്യൻ കീപ്പർ അമരീന്ദർ സിംഗ് രക്ഷകനായി എത്തി.

31 ആം മിനുട്ടിൽ മുസ്തഫ മെഷാലിന്റെ ഹെഡ്ഡർ അമ്രീന്ദർ രക്ഷപെടുത്തി. 36 ആം മിനുട്ടിൽ ഇന്ത്യക്ക് സമനില ഗോൾ നേടാനുള്ള അവസരം ലഭിച്ചെങ്കിലും ലാലെങ്മാവിയ റാൾട്ടെയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പോയി.സമനില ഗോളിനുള്ള സുവർണാവസരമാണ് ഇന്ത്യക്ക് നഷ്ടമായത്.40’ ആം മിനുട്ടിൽ ഇന്ത്യക്ക് മറ്റൊരു അവസരം ലഭിചെങ്കിലും ലക്‌ഷ്യം കാണാൻ സാധിച്ചില്ല. രണ്ടു മിനുട്ടിനു ശേഷം ഥാപ്പയുടെ ഗോൾ ശ്രമവും വിഫലമായി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഖത്തർ ലീഡ് ഉയർത്തി. അഫീഫിന്റെ ഷോട്ട് അമരീന്ദർ രക്ഷിചെങ്കിലും കീപ്പർക്ക് പന്ത് പിടിക്കാനായില്ല, മോയസ് അലി റീബൗണ്ടിൽ നിന്ന് സ്‌കോർ ചെയ്തു.60 ആം മിനുട്ടിൽ ഇന്ത്യ വീണ്ടും ഒരു മികച്ച അവസരം സൃഷ്ടിച്ചു. 65 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ സഹലിന് ഗോൾ നേടാനുള്ള അവസരം ലഭിച്ചെങ്കിലും മലയാളി താരത്തിന് ലക്ഷ്യം തെറ്റി.78 ആം മിനുട്ടിൽ മുന്താരി സ്‌കോറിങ്ങിന് അടുത്തെത്തിയെങ്കിലും ഖത്തർ താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി. 86 ആം മിനുട്ടിൽ ഖത്തർ മൂന്നാം ഗോൾ നേടി, യൂസഫ് അബ്ദുറിസാഗാർ ആണ് ഗോൾ നേടിയത്.