സാദിയോ മാനേയുടെ എക്സ്ട്രാ ടൈം ഗോളിൽ വിജയവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ |Al Nassr

കിംഗ്സ് കപ്പ് ഓഫ് ചാമ്പ്യൻസിന്റെ 16-ാം റൗണ്ടിൽ അൽ എത്തിഫാഖിനെതിരെ ഒരു ഗോൾ ജയവുമായി അൽ നാസ്സർ. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ സെനഗലീസ് സ്‌ട്രൈക്കർ സാദിയോ മാനേ നേടിയ ഗോളിനായിരുന്നു അൽ നാസറിന്റെ ജയം. ആദ്യ പകുതിയിൽ ഇത്തിഫാക്കിന് നിരവധി ഗോൾ അവസരങ്ങൾ ലഭിച്ചെങ്കിലും അൽ നാസറിന്റെ കീപ്പർ നവാഫ് അലഖിദിയെയും സെന്റർ ബാക്കായ അബ്ദുല്ല അൽ-അമ്രിയുടെ മതിലിനെയും മറികടക്കാൻ സാധിച്ചില്ല.

45 ആം മിനുട്ടിൽ ഇടത് വശത്ത് നിന്ന് മാനെയുടെ ക്രോസിൽ നിന്നും ആൻഡേഴ്‌സൺ ടാലിസ്ക ഓപ്പണിംഗ് ഗോൾ നേടി. എന്നാൽ റൊണാൾഡോ ഓഫ് സൈഡിൽ നിന്നതിനാൽ വിവാദമായ VAR ഇടപെടലിനെത്തുടർന്ന് ഗോൾ അനുവദിച്ചില്ല. ഇത്തിഫാക്കിന്റെ ഡിഫൻഡർ ഹംദാൻ അൽ-ഷംമ്രാനിയുടെ മുഖത്ത് കൈമുട്ട് കൊണ്ട് ഇടിച്ചതിനു ടാലിസ്കക്ക് ചുവപ്പ് കാർഡ് കാണേണ്ടി വന്നു.

പകുതി സമയത്ത് അൽ നാസർ 10 പേരായി കുറഞ്ഞു.മത്സരത്തിനിടെ റഫറിയെ മാറ്റണമെന്ന തരത്തിൽ റോണാൾഡോ ആംഗ്യം കാണിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അതേ സമയം മത്സരത്തിനിടെ അൽ ഇത്തിഫാഖ് കാണികൾ മെസിക്ക് ചാന്റ് വിളിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രകോപിപ്പിക്കാനും ശ്രമിച്ചു.89-ാം മിനിറ്റിൽ അലി ഹസാസിക്ക് ചുവപ്പ് കാർഡ് കണ്ടതോടെ എത്തിഫാക്ക് പത്തു പേരായി ചുരുങ്ങി.ഒട്ടാവിയോയെ പിന്നിൽ നിന്ന്‌ ടാക്കിൾ ചെയ്തതിന് ആണ് ചുവപ്പ് കാർഡ് ലഭിച്ചത്.

നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിക്കാതെ വന്നതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.107-ാം മിനിറ്റിൽ പകരക്കാരനായ അയ്‌മൻ യഹ്‌യ ബോക്‌സിലേക്ക് ഒരു ലോ ഡ്രൈവ് ചെയ്‌ത ക്രോസ് ഗോളാക്കി മാറ്റി മാനെ അൽ നാസറിനെ വിജയത്തിലെത്തിച്ചു.120-ാം മിനിറ്റിൽ ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സൺ എടുത്ത ഫ്രീകിക്ക് അൽ ഇത്തിഫാക്കിന്റെ അവസാന പ്രതീക്ഷയായിരുന്നെങ്കിലും അത് ഗോളാക്കി മാറ്റുന്നതിൽ പരാജയപ്പെട്ടു. ഇതോടെ കിംഗ്‌സ് കപ്പ് ഓഫ് ചാമ്പ്യൻസ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലേക്ക് അൽ നാസർ കടന്നു.അൽ-നാസർ ശനിയാഴ്ച സൗദി പ്രോ ലീഗിൽ അൽ-ഖലീജിനെ നേരിടും.

Rate this post