ജോൻ ഗാംപർ ട്രോഫിയിൽ തകർപ്പൻ ജയവുമായി ബാഴ്സലോണ.ടോട്ടൻഹാമിനെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. അവസാന 12 മിനിറ്റിനുള്ളിൽ മൂന്നു ഗോളുകൾ നേടിയാണ് ജോവാൻ ഗാംപർ ട്രോഫി ബാഴ്സലോണ സ്വന്തമാക്കിയത്.
റോബർട്ട് ലെവൻഡോവ്സ്കി (3′)ഫെറാൻ ടോറസ് (81′)അൻസു ഫാത്തി (90′)അബ്ഡെ എസൽസൗലി (90’+3′) എന്നിവരാണ് ബാഴ്സലോണയുടെ ഗോളുകൾ നേടിയത്.ഒലിവർ സ്കിപ്പ് (24′, 36′) ടോട്ടൻഹാമിന്റെ ഗോളുകൾ നേടി. മത്സരം അവസാനിക്കാൻ ഒമ്പത് മിനിറ്റ് ശേഷിക്കെ കറ്റാലൻ ക്ലബ് 2-1ന് പിന്നിലായിരുന്നു. 81 ആം മിനുട്ടിൽ ഫെറാൻ ടോറസ് നേടിയ ഗോൾ ബാഴ്സലോണയ്ക്ക് സമനില നൽകി.90-ാം മിനിറ്റിൽ അൻസു ഫാത്തി ബാഴ്സയെ മുന്നിലെത്തിച്ചു.
ഇഞ്ചുറി ടൈമിൽ എസൽസൗലിയുടെ ഗോൾ വിജയമുറപ്പിച്ചു. മത്സരത്തിന്റെ 80-ാം മിനിറ്റിൽ 16 കാരനായ ലാമിൻ യമലിന്റെ വരവാണ് ബാഴ്സലോണക്ക് അനുകൂലമായി മാറിയത്.ബാഴ്സ നേടിയ മൂന്ന് ഗോളുകളിലും അദ്ദേഹം പങ്കാളിയായിരുന്നു. ഫെറാൻ ടോറസിന്റെ സമനില ഗോളിലും ഫാതിയുടെ 90 മത്തെ മിനുട്ടിൽ ഗോളിലും ലാമിൻ യമലിന്റെ പങ്കുണ്ടായിരുന്നു.
കഴിഞ്ഞ സീസണിൽ റയൽ ബെറ്റിസിനെതിരെ കളിച്ചതോടെ ബാഴ്സലോണയ്ക്ക് വേണ്ടി കളത്തിലിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ലാമിൻ യമാൽ മാറിയിരുന്നു.2023-24 സീസണിലെ ടീമിന്റെ താത്കാലിക ഹോം ഗ്രൗണ്ടായ മോൻജൂയിക് ഒളിമ്പിക് സ്റ്റേഡിയത്തിൽ ബാഴ്സയുടെ ആദ്യ മത്സരമായിരുന്നു ഇത്.