കോപ്പ അമേരിക്കയിലെ 71 വർഷം പഴക്കമുള്ള റെക്കോർഡ് മറികടന്ന് ലയണൽ മെസ്സി | Lionel Messi

മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ 70,564 കാണികൾക്ക് മുന്നിൽ കാനഡയെ 2-0 ന് തോൽപ്പിച്ച് ലോക ചാമ്പ്യന്മാരായ അർജൻ്റീന കോപ്പ അമേരിക്ക കിരീടം നിലനിർത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്. 49-ാം മിനിറ്റിൽ ജൂലിയൻ അൽവാരസ് അർജൻ്റീനയെ മുന്നിലെത്തിച്ചു. 88 ആം മിനുട്ടിൽ മെസ്സിയുടെ പാസിൽ നിന്നും ലൗട്ടാരോ മാർട്ടിനെസ് അർജന്റീനയുടെ രണ്ടാം ഗോൾ നേടി വിജയമുറപ്പിച്ചു.

ലോക റാങ്കിങ്ങിൽ 48-ാം സ്ഥാനത്തുള്ള കാനഡ 15 തവണ കോപ്പ അമേരിക്ക ജേതാക്കളായ അര്ജന്റീനക്കെതിരെ മികച്ച പോരാട്ടമാണ് പുറത്തെടുത്തത്. ഈ മത്സരത്തോടെ കോപ്പ അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായി ലയണൽ മെസ്സി മാറിയിരിക്കുകയാണ്.തൻ്റെ ഏഴാം കോപ്പ അമേരിക്ക കളിച്ച ലയണൽ മെസ്സിയുടെ 35 ആം മത്സരമായിരുന്നു കാനഡക്കെതിരെ നടന്നത്. 34 കോപ്പ അമേരിക്ക മത്സരങ്ങൾ കളിച്ച ചിലി ഇതിഹാസ ഗോൾകീപ്പർ സെർജിയോ ലിവിംഗ്‌സ്റ്റനെയാണ് മെസ്സി മറികടന്നത്.

എൽ സാപ്പോ (ദ ടോഡ്) എന്ന് വിളിപ്പേരുള്ളതും ചെറിയ കൈയുള്ള ജേഴ്സി ധരിച്ച ആദ്യത്തെ ഗോൾകീപ്പർമാരിൽ ഒരാളായി അറിയപ്പെടുന്ന ലിവിംഗ്സ്റ്റൺ 1941 നും 1953 നും ഇടയിൽ മത്സരത്തിൻ്റെ ഏഴ് പതിപ്പുകളിലായി 34 കോപ്പ അമേരിക്ക മത്സരങ്ങൾ കളിച്ചിട്ടുണ്ട്.എന്നിരുന്നാലും അദ്ദേഹം ഒരിക്കലും ട്രോഫി ഉയർത്തിയില്ല.2007 ജൂൺ 28-ന് വെനസ്വേല ആതിഥേയത്വം വഹിച്ച ടൂർണമെന്റിൽ അമേരിക്കയ്‌ക്കെതിരായ 4-1 വിജയത്തിലാണ് മെസ്സി കോപ്പ അമേരിക്കയിൽ അരങ്ങേറ്റം കുറിച്ചത്.

അർജൻ്റീന ഫൈനലിൽ എത്തിയെങ്കിലും ബ്രസീൽ 3-0ന് തോൽപ്പിച്ചു – മെസ്സി തോൽക്കുന്ന മൂന്ന് ഫൈനലുകളിൽ ആദ്യത്തേതെയിരുന്നു അത്.ഒടുവിൽ 2021-ൽ അദ്ദേഹം ട്രോഫി നേടി, കൊളംബിയയുടെ ലൂയിസ് ഡയസിനൊപ്പം സംയുക്ത ടോപ് സ്കോററായി. 2021 ജൂലൈ 10 ന് മാരക്കാനയിൽ ബ്രസീലിനെതിരെ നടന്ന ഫൈനലിൽ ലിവിംഗ്‌സ്റ്റണിൻ്റെ റെക്കോർഡിന് മെസ്സി ഒപ്പമെത്തിയിരുന്നു.