‘ചരിത്രം കുറിച്ച് സ്പെയിൻ’ : ഇംഗ്ലീഷ് കണ്ണീർ വീഴ്ത്തി വനിത ലോകകപ്പ് സ്വന്തമാക്കി സ്പെയിൻ

ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി വനിത ലോകകപ്പ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ് സ്പെയിൻ. ഇന്ന് സിഡ്‌നിയിൽ നടന്ന ഫൈനലിൽ ആദ്യ പകുതിയിൽ ക്യാപ്റ്റൻ ഓൾഗ കാർമോണയുടെ ഗോളാണ് സ്പെയിന് കിരീടം നേടിക്കൊടുത്തത്.

ഈ വിജയത്തോടെ, ജർമ്മനിക്ക് ശേഷം പുരുഷ-വനിതാ ലോകകപ്പുകൾ നേടുന്ന രണ്ടാമത്തെ രാജ്യമായി സ്പെയിൻ മാറി.സ്പെയിനിനായി ബാക്ക്-ടു-ബാക്ക് ലോകകപ്പ് മത്സരങ്ങളിൽ ലെഫ്റ്റ് ബാക്ക് ആയ കാർമോണ ഗോൾ നേടിയിരിക്കുകയാണ്. ആദ്യമായാണ് സ്പെയിൻ വനിത ലോകകപ്പ് സ്വന്തമാക്കുന്നത്. 29 ആം മിനുട്ടിൽ മരിയ കാൽഡെന്റിയുടെ പാസിൽ നിന്നുള്ള കാർമോണയുടെ ഇടം കാൽ ഷോട്ട് ഇംഗ്ലീഷ് വലയിലെത്തുകായായിരുന്നു.

രണ്ടാം പകുതിയിൽ മധ്യനിര താരം കെയ്‌റ വാൽഷിന്റെ ഒരു ഹാൻഡ്‌ബോളിന് സ്പെയിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. എന്നാൽ ജെന്നിഫർ ഹെർമോസോയുടെ സ്പോട്ട് കിക്ക് ഇടതുവശത്തേക്ക് ഡൈവ് ചെയ്ത് ഗോൾകീപ്പർ മേരി ഇയർപ്സ് രക്ഷപ്പെടുത്തി. സമനില ഗോളിനായി ഇംഗ്ലീഷ് വനിതകൾ കഠിനമായി ശ്രമിച്ചെങ്കിലും പ്രതിരോധം ഉറച്ചു നിന്നതോടെ സ്പെയിൻ കിരീടം ഉറപ്പിച്ചു.

സ്‌പെയിനിനൊപ്പം നോർവേ, ജപ്പാൻ എന്നിവർക്കും ഒരു വനിതാ ലോകകപ്പ് കിരീടമുണ്ട്.1991 ലെ ഉദ്ഘാടന ലോകകപ്പിൽ റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്ത ശേഷം, നാല് വർഷത്തിന് ശേഷം സോൾനയിൽ നടന്ന ഫൈനലിൽ ജർമ്മനിയെ 2-0 ന് തോൽപ്പിച്ച് നോർവീജിയൻസ് അവരുടെ ഏക കിരീടം സ്വന്തമാക്കി. അതേസമയം, 2011-ൽ, ഫ്രാങ്ക്ഫർട്ടിൽ 2-2ന് അവസാനിച്ച സമനിലയ്ക്ക് ശേഷം പെനാൽറ്റിയിൽ അമേരിക്കയെ തോൽപ്പിച്ചപ്പോൾ ജപ്പാൻ ലോകകപ്പ് നേടി.ജർമ്മനി രണ്ട് തവണ ലോകകപ്പ് ജേതാക്കളാണ് – യഥാക്രമം 2003 ലും 2007 ലും സ്വീഡനും ബ്രസീലിനുമെതിരെ വിജയിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ് 1991 ,1999 ,2015 , 2019 വർഷങ്ങളിൽ കിരീടം നേടിയിട്ടുണ്ട്.