‘വിജയിക്കാനാണ് ഇറങ്ങുന്നത്, പക്ഷെ പറയുന്നതുപോലെ ഒരിക്കലും എളുപ്പമാകില്ല’ : ആഡ്രിയൻ ലൂണ |Kerala Blasters

കേരള ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്‍ പത്താം സീസണിലെ രണ്ടാം മത്സരത്തിന് ഇന്നിറങ്ങുന്നു. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിന് നടക്കുന്ന പോരാട്ടത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയാണ് എതിരാളികള്‍.ഉദ്ഘാടന മത്സരത്തില്‍ ബെംഗളൂരു എഫ്സിയോട് 2-1ന് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.

ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനോട് ജാംഷെഡ്പൂർ സമനില വഴങ്ങിയിരുന്നു. മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ ഫ്രാങ്ക് ഡോവെനൊപ്പം അഡ്രിയാൻ ലൂണയും ഉണ്ടായിരുന്നു.”മത്സരത്തില്‍ നിന്നുള്ള എന്റെ പ്രതീക്ഷ വിജയം മാത്രമാണ്. എനിക്ക് എല്ലാ ഗെയിമുകളും ജയിക്കണം, പക്ഷേ ഇന്ന് ഇത് എല്ലായിപ്പോഴത്തെയുംപോലെ ബുദ്ധിമുട്ടുള്ള ഒരു ഗെയിമായിരിക്കും. അവര്‍ പിന്നില്‍ അഞ്ച് പേര്‍ നിന്ന് കളിക്കാന്‍ പോകുന്നുവെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ അത് തകര്‍ക്കാന്‍ പ്രയാസമാണ്. ഞങ്ങൾ വിജയിക്കാൻ പോകുന്നു, പക്ഷേ ഞാൻ പറയുന്നതുപോലെ ഇത് ഒരിക്കലും എളുപ്പമാകില്ല, ഈ ഗെയിം വിജയിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്.’ ലൂണ പറഞ്ഞു.

“ഇന്ന് നടക്കുന്ന അടുത്ത മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഒരു ടീമെന്ന നിലയിൽ ഞങ്ങൾക്ക് കഴിയുന്നത്ര പോയിന്റുകൾ ശേഖരിക്കാൻ ശ്രമിക്കുകയും വേണം,” ലൂണ പറഞ്ഞു.അഡ്രിയാൻ ലൂണയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ചാലകശക്തി. ബെംഗളുരു എഫ്‌സിയ്‌ക്കെതിരെ ബ്ലാസ്റ്റേഴ്‌സ് നേടിയ രണ്ടു ഗോളുകളിലും ലൂണയുടെ പങ്കുണ്ടായിരുന്നു.

ഗോളിന് പുറമെ പൊസഷൻ നിലനിർത്തുന്നതിലും മുന്നേറ്റ നിരയുമായി നന്നായി ഒത്തുചേർന്നതിലും നായകൻ നിർണായകമായിരുന്നു. ജംഷഡ്പൂർ എഫ്‌സിക്കെതിരായ മത്സരത്തിലും ലൂണ മികവ് പുലർത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Rate this post